English| മലയാളം

നഗരകേന്ദ്രീകൃത വികസനത്തിലൂന്നി നീലേശ്വരം നഗരസഭാ ബജറ്റ്

 നഗരകേന്ദ്രീകൃത വികസനത്തിലൂന്നി

നീലേശ്വരം നഗരസഭാ ബജറ്റ്
നീലേശ്വരം: നഗരകേന്ദ്രീകൃത വികസനത്തിനും പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടിനും ഊന്നല് നല്കിക്കൊണ്ട് ഒട്ടേറെ ജനക്ഷേമ പദ്ധതികളോടെ നീലേശ്വരം നഗരസഭയുടെ 2021-22 വര്ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
67,06,18,301/-രൂപ വരവും 65,49,67,455/-രൂപ ചെലവും 1,56,50,846/-രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ ചെയര്പേഴ്സണ് ടി.വി. ശാന്തയുടെ അധ്യക്ഷതയില് ചേര്ന്ന കൗണ്സില് യോഗത്തില് വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി അവതരിപ്പിച്ചത്. പശ്ചാത്തല മേഖലയ്ക്കൊപ്പം ഉത്പാദന സേവന മേഖലകളിലെ വികസനത്തിനും ബജറ്റില് പ്രാധാന്യം നല്കിയിട്ടുണ്ട്.
10 കോടി രൂപ ചെലവില് നിര്മ്മിക്കുന്ന പുതിയ രാജാ റോഡ് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവൃത്തി കെ.യു.ആര്.ഡി.എഫ്.സി. യുടെ ധനസഹായത്തോടെ ഈ വര്ഷം ആരംഭിക്കും.
നഗരത്തില് പുതിയ റോഡുകള് നിര്മ്മിക്കുന്നതിനും നിലവിലുള്ള റോഡുകള് നവീകരിക്കുന്നതിനും 2.5 കോടി രൂപ മാറ്റിവെയ്ക്കും. ദേശീയ പാതയോരത്ത് പുതിയ ബസ് സ്റ്റാന്റിനു വേണ്ടി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
17.8 കോടി രൂപ ചെലവില് സര്ക്കാര് അക്വിസിഷന് നടപടി ആരംഭിച്ചിട്ടുള്ള രാജാ റോഡിന്റെ വികസനം പൊതു പ്രസ്ഥാനങ്ങളുടെയും സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജനകീയമായി പൂര്ത്തിയാക്കും.
കഴിഞ്ഞ ഭരണസമിതിയുടെ ദീര്ഘ വീക്ഷണത്തിന്റെ തെളിവായ പുതിയ നഗരസഭാ ഓഫീസ് കോംപ്ലക്സിന്റെ പൂര്ത്തീകരണത്തിന് മൂന്നരക്കോടിയാണ് പുതിയ ബജറ്റില് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന ബജറ്റില് പ്രഖ്യാപിച്ച മിനി സിവില് സ്റ്റേഷന് യാഥാര്ത്ഥ്യമാക്കാന് നടപടി സ്വീകരിക്കും.
പാലായി ഷട്ടര് കം ബ്രിഡ്ജ് പൂര്ത്തീകരിച്ച് നഗരസഭാ പ്രദേശമാകെ ശുദ്ധജല വിതരണം സാധ്യമാക്കും.
ദേശീയ പാതയോരത്ത് പുതിയതായി ഏറ്റെടുത്ത സ്ഥലത്ത് കാസര്കോട് ഡെവലപ്മെന്റ് പാക്കേജുമായി സഹകരിച്ച് ആധുനിക മത്സ്യമാര്ക്കറ്റ് നിര്മ്മിക്കും.
ഉപ്പുവെള്ളം കയറി കൃഷിയും കൃഷിയിടവും നശിക്കുന്നതിനും കുടിവെള്ള സ്രോതസ്സുകള് മലിനമാവുന്നതിനും പരിഹാരമായി ഇരുപത് കോടി രൂപയുടെ മാസ്റ്റര് പ്ലാന് തയ്യാറാക്കി സമര്പ്പിക്കും.
പുതിയ കുടിവെള്ള പദ്ധതികള് ആരംഭിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി 50 ലക്ഷം രൂപയും, ചെറുതോടുകളിലൂടെ ഉള്നാടുകളില് ഉപ്പുവെള്ളം കയറുന്നത് തടയാന് വെന്റഡ് ക്രോസ് ബാര് നിര്മ്മിക്കുന്നതിന് 10 ലക്ഷം രൂപയും ചെലവഴിക്കും.
സര്ക്കാര് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം രൂപയും, കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന് ഗവണ്മെന്റ്-എയ്ഡഡ് വിദ്യാലയ ഭേദമില്ലാതെ അഞ്ച് ലക്ഷം രൂപയും ബജറ്റില് വകയിരുത്തിയിട്ടുണ്ട്.
കാസര്കോട് വികസന പാക്കേജുമായി സഹകരിച്ച് തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം വിപുലീകരണത്തിന് 1.3 കോടി രൂപയും, നീലേശ്വരം എന്.കെ.ബി.എം. ഹോമിയോ ആശുപത്രി, അര്ബന് ഹെല്ത്ത് സെന്റര് എന്നിവയുടെ പ്രവര്ത്തനം മെച്ചപ്പെടുത്താന് 20 ലക്ഷം രൂപ വീതവും, താലൂക്ക് ആശുപത്രിയില് സ്കാനിംങ് സെന്ററിന് 20 ലക്ഷം രൂപയും നീക്കിവെയ്ക്കും.
പാലായി ആയുര്വ്വേദ ആശുപത്രി, തൈക്കടപ്പുറം ഹോമിയോ ആശുപത്രി എന്നിവയ്ക്ക് സ്വന്തം കെട്ടിടം നിര്മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കും.
നഗരപ്രാന്തങ്ങളിലും ഒഴിഞ്ഞ ഇടങ്ങളിലും നാട്ടുമാവിന്തൈകള് വച്ചുപിടിപ്പിച്ചും, ചിറപ്പുറം മാലിന്യ സംസ്കരണ പ്ലാന്റിന് ചുറ്റും മിയാവാക്കി മാതൃകയില് ചെറുവനം സൃഷ്ടിച്ചും പരിസ്ഥിതി സൗഹൃദ നഗരവത്കരണം നടപ്പാക്കും.
നീലേശ്വരം തെരു-ഹൈവേ റോഡ് നവീകരണം (20 ലക്ഷം), കോണ്വെന്റ് ജംഗ്ഷനില് നഗരകവാടം (10 ലക്ഷം), കോട്ടപ്പുറം മിനി കോണ്ഫറന്സ് ഹാള് നിര്മ്മാണം (നഗരസഭാ വിഹിതം 25 ലക്ഷം), അഴിവാതുക്കല് തോട് തോട്ടുമ്പുറം-മുണ്ടേമ്മാട് റോഡുമായി ബന്ധിപ്പിക്കുന്ന പാലം (40 ലക്ഷം), ചിറപ്പുറം ഖരമാലിന്യ സംസ്കരണ പ്ലാന്റ് നവീകരണം (ശുചിത്വ മിഷന് സഹായത്തോടെ ഒരു കോടി രൂപ), കോട്ടപ്പുറത്ത് ആധുനിക അറവുശാലയും ഇറച്ചി മാര്ക്കറ്റും (30 ലക്ഷം), ചിറപ്പുറം പൊതുശ്മശാനം റോട്ടറി ക്ലബ് നീലേശ്വരവുമായി സഹകരിച്ച് വാതക ശ്മശാനമാക്കി മാറ്റല് (25 ലക്ഷം), പേരോല് ജംഗ്ഷനില് ടൗണ് ഹാള് നിര്മ്മാണത്തിന് സ്ഥലമേറ്റെടുക്കല് (35 ലക്ഷം), ബഡ്സ് സ്കൂളിന് പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യവും (15 ലക്ഷം), അഴിത്തല ബീച്ച് സൗന്ദര്യവത്കരണം (10 ലക്ഷം), കച്ചേരിക്കടവ് കുട്ടികളുടെ പാര്ക്ക് (10 ലക്ഷം), നഗരത്തില് വിവിധ ഡ്രെയിനേജ്, തോട് നവീകരണം (30 ലക്ഷം), പുതിയ സ്ട്രീറ്റ് ലൈറ്റുകള് സ്ഥാപിക്കല് (10 ലക്ഷം), നഗരത്തില് ദിശാ ബോര്ഡുകള് സ്ഥാപിക്കല് (5 ലക്ഷം), നഗരസഭാ വായനശാലകള് ഹൈടെക് ആക്കി മാറ്റല് (5 ലക്ഷം), മാര്ക്കറ്റ്, കോണ്വെന്റ് ജംഗ്ഷന്, കച്ചേരിക്കടവ് എന്നിവിടങ്ങളില് റിഫ്രഷ്മെന്റ് സെന്ററും കംഫര്ട്ട് സ്റ്റേഷനും (10 ലക്ഷം), പ്രധാന കേന്ദ്രങ്ങളില് ഹൈമാസ്റ്റ് ലൈറ്റ് (10 ലക്ഷം) എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
ഉറവിട മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികള് നടപ്പിലാക്കും. നല്ല രീതിയില് പ്രവര്ത്തിക്കുന്ന ഹരിതകര്മ്മസേനയുടെ വേതനം മെച്ചപ്പെടുത്തുന്ന തിനായി യൂസര്ഫീ നിരക്ക് വീടുകളില് നിന്ന് 50 രൂപയും, ചെറിയ കടകളില് നിന്ന് 70 രൂപയും, വലിയ കടകളില് നിന്ന് 150 രൂപയുമായി വര്ദ്ധിപ്പിക്കും.
നികുതിശോഷണം തടഞ്ഞും സമയാധിഷ്ഠിതമായി നികുതി വസൂലാക്കിയും സാധ്യമായ പുതിയ വരുമാന സ്രോതസ്സുകള് കണ്ടെത്തിയും നഗരസഭയുടെ ധനാഗമ മാര്ഗ്ഗങ്ങള് വിപുലപ്പെടുത്തും. അനധികൃതമായി നിര്മ്മിച്ച കെട്ടിടങ്ങളും പെര്മിറ്റ് എടുക്കാതെ കൂട്ടിച്ചേര്ത്ത നിര്മ്മാണങ്ങളും കണ്ടെത്തുന്നതിനുള്ള സര്വ്വേ നടത്തും. കുറഞ്ഞ സമയത്തിനുള്ളില് പരാതിരഹിതമായി സേവനങ്ങള് നല്കുന്നതിന് ക്രമീകരണങ്ങള് ഏര്പ്പെടുത്തും. എല്ലാ സേവനങ്ങളും ഓണ്ലൈനിലൂടെ യാക്കുന്നതിന് പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
സാംസ്കാരികോത്സവങ്ങളും ചലച്ചിത്രോത്സവങ്ങളും സംഘടിപ്പിക്കും. നീലേശ്വരം സാംസ്കാരികോത്സവത്തിന് 5 ലക്ഷമാണ് വകയിരുത്തല്.
ഇ.എം.എസ്. സ്റ്റേഡിയം തുറന്നുകൊടുക്കുന്നതോടെ നീലേശ്വരം കായിക മത്സരങ്ങളുടെ പ്രധാന വേദിയായി മാറും. പാലായി മിനി ഓപ്പണ് സ്റ്റേഡിയത്തിന് 10 ലക്ഷം രൂപയും, ചിറപ്പുറം മുനിസിപ്പല് സ്റ്റേഡിയം കേന്ദ്രീകരിച്ച് സ്പോര്ട്സ് അക്കാദമിക്ക് 5 ലക്ഷവും, കാര്യങ്കോട്-ഓര്ച്ച് ഓപ്പണ് ജിംനേഷ്യങ്ങള് ആരംഭിക്കാന് 10 ലക്ഷം രൂപയും അനുവദിക്കും. പെണ്കുട്ടികള്ക്ക് കരാട്ടെ പരിശീലനത്തിന് 5 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
വിദേശത്ത് ജോലി നഷ്ടപ്പെട്ട തിരിച്ചുവരുന്ന പ്രവാസികളുടെ സംരംഭങ്ങള്ക്ക് സബ്സിഡി നല്കും.
വാടകക്കെട്ടിടത്തില് പ്രവര്ത്തിക്കുന്ന അംഗന്വാടികള്ക്ക് സ്വന്തം കെട്ടിടം നിര്മ്മിക്കും. കുടുംബശ്രീ വനിതകള്ക്ക് സ്വയംതൊഴില് സംരംഭങ്ങള്ക്കായി 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്. അര്ഹരായ മുഴുവന് പേര്ക്കും സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭ്യമാക്കുന്നതിന് സര്വ്വേ നടത്തും.
പട്ടികജാതി വികസനത്തിനായി 56 ലക്ഷം രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്ക്കായി മെഡിക്കല് ക്യാമ്പുകള് നടത്തും. അവര്ക്ക് ഉപകരണങ്ങള് ലഭ്യമാക്കുന്നതിനും സ്വയംതൊഴില് പരിശീലനത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെര്മിനല് വികസനവും അപ്രോച്ച് റോഡും പൂര്ത്തിയാകുന്നതിനൊപ്പം നീലേശ്വരത്തെ ടൂറിസം ഹബ് ആക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കും. അഴിത്തല ടൂറിസം പദ്ധതിക്ക് വേണ്ടി അഞ്ചു കോടി രൂപയുടെ പ്രൊപ്പോസല് സമര്പ്പിച്ചിട്ടുണ്ട്. മുണ്ടേമ്മാട്, പൊടോതുരുത്തി, ഓര്ച്ച എന്നിവിടങ്ങളില് പുഴയോര ടൂറിസത്തിനുള്ള പദ്ധതികളും യാഥാര്ത്ഥ്യമാക്കാന് നടപടി ആരംഭിക്കും.
മത്സ്യത്തൊഴിലാളികള്ക്ക് അനുബന്ധ ഉപകരണങ്ങളും അവരുടെ മക്കള്ക്ക് പഠനോപകരണങ്ങളും നല്കും.
കര്ഷകന് ഉത്പന്നങ്ങള്ക്ക് ന്യായവില ലഭ്യമാക്കാന് കൃഷിഭവനോട് ചേര്ന്ന് പ്രാദേശിക കാര്ഷിക വിപണന കേന്ദ്രം ആരംഭിക്കും. കുടുംബശ്രീ സബ്സിഡി മാര്ക്കറ്റ് ആരംഭിക്കും.
കാര്ഷിക കോളേജുമായി സഹകരിച്ച് പഴം, പച്ചക്കറി തൈ വിതരണം നടത്തും. കരനെല്കൃഷി പ്രോത്സാഹിപ്പിക്കും.
മണ്ണൊലിപ്പുള്ള സ്ഥലങ്ങളില് കയര് ഭൂവസ്ത്രം വിരിക്കും. പരമ്പരാഗത കുളങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കും. കണ്ടല്വനങ്ങള് നട്ടുപിടിപ്പി ക്കുന്നതിനും കടലാമ സംരക്ഷണത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
പാരിസ്ഥിതിക പ്രത്യാഘാതങ്ങള് പരമാവധി ലഘൂകരിച്ച് പരിസ്ഥിതി സൗഹൃദത്തിലൂന്നി നവഹരിത ബോധത്തോടെയും നീലേശ്വരത്തിന്റെ ചരിത്രപുരാവൃത്തങ്ങളും സാംസ്കാരവും പാരമ്പര്യവും മനസ്സില് സൂക്ഷിച്ചുകൊണ്ടുമായിരിക്കും പുതിയ വികസന പദ്ധതികള് നടപ്പാക്കുക എന്ന് വൈസ് ചെയര്മാന് ബജറ്റ് പ്രസംഗത്തില് പറഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും കോവിഡ് മഹാമാരിക്കാലത്തും ജനങ്ങളുടെ സുരക്ഷയെ കാക്കാന് യുദ്ധമുന്നണിയില് പ്രവര്ത്തിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ആ രംഗത്ത് നീലേശ്വരം നഗരസഭാ സംവിധാനത്തിനും ജനങ്ങള്ക്കും മാതൃകാപരമായി പ്രവര്ത്തിക്കാനായതില് അഭിമാനിക്കാം. ഈ ഒത്തൊരുമ വികസന രംഗത്തും കാഴ്ചവയ്ക്കാന് കഴിയണം-അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളിയുടെയും സുഗതകുമാരിയുടെയും അയ്യപ്പപ്പണിക്കരുടെയും പ്രസക്തമായ കാവ്യശകലങ്ങള് കൂടി ഉദ്ധരിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം.
ബജറ്റ് യോഗത്തില് നഗരസഭാ ചെയര്പേഴ്സണ് ടി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. രവീന്ദ്രന്, വി. ഗൗരി, ടി.പി. ലത, പി. സുഭാഷ്, ദാക്ഷായണി കുഞ്ഞിക്കണ്ണന്, കൗണ്സിലര്മാര് എന്നിവര് ചര്ച്ചയില് പങ്കെടുത്തു. നഗരസഭാ സെക്രട്ടറി സി.കെ. ശിവജി, ഹെല്ത്ത് ഇന്സ്പെക്ര് എ.കെ. പ്രകാശന്, അസി.എഞ്ചിനീയര് സി. രജീഷ് കുമാര്, നിര്വ്വഹണ ഉദ്യോഗസ്ഥര്, നഗരസഭാ ജീവനക്കാര്, കുടുംബശ്രീ. സി.ഡി.എസ്. ചെയര്പേഴ്സണ് കെ. ഗീത എന്നിവര് സന്നിഹിതരായി.